കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാനാണ് സര്‍വകലാശാല പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബിഎഡ് രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസികളാണ് ബാര്‍ കോഡിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകളെ ചൊല്ലി വിവാദങ്ങളില്ലാത്ത സമയം ചുരുക്കമാണ്. ഈ വിവാദങ്ങള്‍ക്ക് ഒരു പരിധി വരെ അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് സര്‍വകാശാലയിപ്പോള്‍. ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് ഫാള്‍സ് നമ്പരിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തര കടലാസുകള്‍ കൊണ്ടുപോകുക.
മൂല്യനിര്‍ണയ ക്യാമ്പില്‍ മേല്‍നോട്ടത്തിന് പരീക്ഷാ ഭവന്‍ ഉദ്യോഗസ്ഥരുണ്ടാകും. ഓരോ ഉത്തരക്കടലാസിന്റെയും ബന്ധപ്പെട്ട ബാര്‍ കോഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തന്നെ സര്‍വകലാശാല സോഫ്റ്റ്‌വെയറിലേക്ക് കൈമാറും. പരീക്ഷ കഴിയുന്നതിന് മുന്‍പ് തന്നെ ആകെ എത്ര പേപ്പര്‍ പരീക്ഷയെഴുതി, അറ്റന്‍ഡ് ചെയ്യാത്തവര്‍ ആരെല്ലാം തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്ന് വ്യക്തമാകും.
മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് കൂടി സോഫ്റ്റ്‌വെയറിലേക്ക് നല്‍കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാകും. പുനര്‍മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്യും. നേരത്തെ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് വിജയകരമായി തുടങ്ങിയത് ബിഎഡ് പരീക്ഷയ്ക്കായിരുന്നു.
സര്‍വകലാശാലയ്ക്ക് കീഴില്‍ 72 ബിഎഡ് കോളജുകളാണുള്ളത്. പുതിയ പരീക്ഷാ രീതി പരിചയപ്പെടുത്തുന്നതിനായി ബിഎഡ് കോളജുകളിലെ അധ്യാപകര്‍ക്കായി സര്‍വകലാശാല പരിശീലനം നല്‍കി.