ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തില്‍ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയുടെ മൊഴി പുറത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാൻ വേണ്ടിയാണ് കോളേജിൽ എത്തിയത് എന്നാണ് നിഖിൽ പൈലിയുടെ മൊഴി. കയ്യിൽ കത്തി കരുതിയത് സ്വയരക്ഷക്ക് വേണ്ടിയാണെന്നും നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് ജെറിൻ ജോജോ. ഇരുവരുടേയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.അതേസമയം, ധീരജിന്‍റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക. സിപിഎം ഇടുക്കി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. ധീരജിന്‍റെ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരെത്തിക്കും. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും. ക്രിസ്മസ് അവധി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങിയ മകൻ്റെ വിയോഗ വാർത്ത താങ്ങാനാകാതെ വിതുമ്പിക്കരയുകയാണ് ധീരന്‍റെ മാതാപിതാക്കൾ.