തൃശൂര്‍: ജോലിയിലെ സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത വനിത മാനേജര്‍ വീടുണ്ടാക്കാനെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ കനറാ ബാങ്കിന്റെ നോട്ടീസ്.അച്ഛനില്ലാത്ത, പറക്കമുറ്റാത്ത രണ്ട് മക്കളെ ഭര്തൃമാതാപിതാക്കളുടെയടുത്താക്കി വിദൂര ജില്ലയില്‍ ജോലി ചെയ്യവെ ആത്മഹത്യ ചെയ്ത തൃശൂര്‍ മണ്ണുത്തി മുല്ലക്കര സാബു നിവാസില്‍ കെ.എസ്. സ്വപ്നക്കാണ് കനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ റിക്കവറി ആന്‍ഡ് ലീഗല്‍ സെക്ഷന്‍ നോട്ടീസയച്ചത്. കനറാ ബാങ്ക് കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖ മാനേജരായിരിക്കെയാണ് ‘മക്കളെ ഉപേക്ഷിച്ച് ജോലിക്കെത്തിയ തനിക്ക് ജോലിയിലെ സമ്മര്‍ദം താങ്ങാവുന്നതിലപ്പുറമാണ്’ എന്ന് എഴുതിവെച്ച് ഓഫിസില്‍ ഇവര്‍ ആത്മഹത്യ ചെയ്തത്.വീട് നിര്‍മാണത്തിനായി വായ്പയെടുത്ത 50 ലക്ഷം രൂപയില്‍ ഗഡുക്കള്‍ അടച്ചത് കഴിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ വ്യവസ്ഥയില്‍ 43.94 ലക്ഷം രൂപ അടക്കണമെന്നും ഇതിനായി ഈ മാസം 15ന് തൃശൂര്‍ റീജനല്‍ ഓഫിസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണമെന്നുമാണ് സ്വപ്നയുടെ പേരില്‍ കഴിഞ്ഞദിവസം വന്ന നോട്ടീസിലുള്ളത്.
സ്വപ്നയുടെ രണ്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വയോധികരായ ഭര്‍തൃപിതാവും മാതാവും നോട്ടീസ് കണ്ട് ആശങ്കയിലാണ്.ഭര്‍ത്താവ് കെ.എസ്. സാബു 2018 ഡിസംബറില്‍, 41ാം വയസ്സില്‍ ഹൃദയാഘാതം മൂലം മരിക്കുമ്ബോള്‍ സ്വപ്ന കനറാ ബാങ്ക് ബംഗളൂരു കന്റോണ്‍മെന്റ് ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. രണ്ട് ചെറിയ മക്കളുടെ സംരക്ഷണമുള്ളതിനാല്‍ സ്വപ്നക്ക് തൃശൂര്‍ പടിഞ്ഞാറെകോട്ട ശാഖയിലേക്ക് മാറ്റം അനുവദിച്ചു. എന്നാല്‍, മാനേജരായി സ്ഥാനക്കയറ്റത്തോടൊപ്പം 2020 സെപ്റ്റംബറില്‍ കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലേക്ക് മാറ്റി. ചെറിയ കുട്ടികളുടെ സംരക്ഷണമുള്ള വിധവകള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന വ്യവസ്ഥ അവഗണിച്ചായിരുന്നു മാറ്റം. ഇതോടെ കുട്ടികളെ ഭര്‍തൃപിതാവിനും മാതാവിനും ഒപ്പമാക്കി സ്വപ്ന കണ്ണൂരില്‍ താമസമാക്കി. ജോലിയിലെ കടുത്ത സമ്മര്‍ദവും ദൂരെയുള്ള മക്കളെച്ചൊല്ലിയുള്ള ആധിയും താങ്ങാനാവാതെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്ബതിനാണ് ആത്മഹത്യ ചെയ്തത്.2017ല്‍ സ്വപ്ന ഭര്‍ത്താവിന്റെ വീടിനോട് ചേര്‍ന്ന് വീടുണ്ടാക്കാന്‍ 50 ലക്ഷം രൂപ കനറാ ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു.
പിന്നീട് 10 ലക്ഷം രൂപ ഓവര്‍ഡ്രാഫ്റ്റും എടുത്തു. 2020 ആഗസ്റ്റില്‍ വീട് നിര്‍മാണം പൂര്‍ത്തിയായി. ഈ വായ്പ ബാങ്ക് കിട്ടാക്കടത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപടി തുടങ്ങിയിരിക്കുന്നത്. സ്വപ്ന എടുത്ത വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്നും കുട്ടികളുടെ പഠനത്തിനും തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കും പ്രത്യേക നഷ്ടപരിഹാരം അനുവദിക്കണമെന്നും വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്ബോള്‍ സ്വപ്നയുടെ മകന് ജോലി നല്‍കണമെന്നും അപേക്ഷിച്ച് ഭര്‍തൃപിതാവ് കെ.പി. ശ്രീധരനും മാതാവ് കെ. രുഗ്മിണിയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20ന് കനറാ ബാങ്ക് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് ബംഗളൂരു ഹെഡ് ഓഫിസിലേക്ക് അയച്ചെന്നല്ലാതെ വേറെ മറുപടിയൊന്നും ലഭിച്ചില്ല. എളമരം കരീം എം.പിയും ’ബെഫി’ സംസ്ഥാന പ്രസിഡന്റ് എസ്.എസ്. അനിലും അടക്കമുള്ളവര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് നല്കിയ പരാതിയില്‍ പൊതുവായ ചില നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. സ്വപ്നയുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി കേന്ദ്ര ധനമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. അതിലും നടപടി ഉണ്ടായില്ല.