കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ പിഴുതുമാറ്റിയ കെ റെയിൽ സിൽവർ ലൈൻ സർവ്വേ കല്ലിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് കേസെടുത്ത സംഭവത്തില്‍ നിയമ നടപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് പി പി രാഹുൽ. തനിക്കെതിരെ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂർവ്വമാണെന്ന് രാഹുൽ പറഞ്ഞു. കേരളത്തിൽ നിരവധി പേർ സമാനമായ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. പഴയങ്ങാടി പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും പരാതി കൊടുത്ത ആൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.സിപിഎം പ്രവർത്തകൻ ജനാർദ്ധന്‍റെ പരാതിയിലാണ് ചെറുകുന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നലെ മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. എത്ര കേസെടുത്താലും പോസ്റ്റ് പിൻവലിക്കില്ലെന്നും ഇതിന് പിന്നിൽ സിപിഎം നേതൃത്വം ആണെന്നും രാഹുൽ പറഞ്ഞു.