പികെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുത്തില്ലങ്കിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പിഴ ഈടാക്കുമെന്ന് സിഡിഎസ് ചെയർ പേഴ്സന്റെ ഭീഷണി. പത്തനംതിട്ട ചിറ്റാർ കുടുംബശ്രീ ചെയർ പേഴ്സനാണ് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്.’സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണം. എല്ലാ കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്നും അഞ്ച് പേര്‍ വീതം പങ്കെടുക്കണം. സെറ്റ് സാരിയും മെറൂണ്‍ ബ്ലൗസും ധരിക്കല്‍ നിര്‍ബന്ധമാണ്. ഇത് എല്ലാവരും പാലിക്കണം ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് ‘ സിഡിഎസ് ചെയർപേഴ്സൺ അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഭീഷണി സ്വരത്തിലുളള ശബ്ദ സന്ദേശം വിവാദമായിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് പികെ ശ്രീമതി ഇന്ന് പത്തനംതിട്ടയിലെത്തുക.ലിംഗപദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് സെമിനാർ. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ആദ്യമായാണ് പത്തനംതിട്ടയില്‍ വെച്ച് നടക്കുന്നത്.