കണ്ണൂർ | ഓണാവധി ഗോവയിൽ ആഘോഷിക്കാൻ കുടുംബശ്രീ ട്രാവലർ. ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ദി ട്രാവലർ’ വനിത ടൂർ എന്റർപ്രൈസസ് നടത്തുന്ന പന്ത്രണ്ടാമത്തെ യാത്രയാണിത്. സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്രയും.
യാത്രകൾ ഇഷ്ട്ടപ്പെടുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജിലൂടെ വിവിധ ഇടങ്ങളിൽ കൊണ്ട് പോവുകയാണ് ലക്ഷ്യം. സ്ത്രീകൾക്ക് മാത്രമായിട്ടാണ് യാത്രകൾ എന്ന തെറ്റിദ്ധാരണ വേണ്ട, ഫാമിലി ട്രിപ്പും കുട്ടികളുടെ ട്രിപ്പുമെല്ലാം ട്രാവലർ ഒരുക്കുന്നുണ്ട്. മൂന്ന് രാത്രികളും രണ്ട് പകലുമാണ് യാത്ര പാക്കേജിലുള്ളത്. ആഗസ്റ്റ് 30ന് വൈകീട്ട് കണ്ണൂരിൽ നിന്നും ബസ് യാത്ര ആരംഭിക്കും. 31ന് രാവിലെ ഗോവയിൽ എത്തും.
ആദ്യ ദിവസം നോർത്ത് ഗോവയും ബാഗ ബീച്ച്, അഞ്ജുന ബീച്ച്, കലാൻഗുട്ട് ബീച്ച്, അഗ്വാഡ ഫോർട്ട് പിറ്റേ ദിവസം സൗത്ത് ഗോവയുമാണ് മിരാമർ ബീച്ച്, ഓൾഡ് ഗോവ ചർച്ച്, ബോം ജീസസ് ബസിലിക്ക സന്ദർശിക്കുക. സെപ്റ്റംബർ ഒന്നിന് വൈകീട്ട് മടങ്ങി രണ്ടിന് രാവിലെ നാട്ടിലെത്തും. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 6050 രൂപയാണ് ചെലവ്.
45 സീറ്റുള്ള ബസാണ് ബുക്ക് ചെയ്തിരിക്കുന്നത്. യാത്രയുടെ ബുക്കിങ് ആരംഭിച്ചു. യാത്രകളുടെ ആസൂത്രണവും നടത്തിപ്പും എല്ലാം സ്ത്രീകൾ തന്നെയാണ് നിർവഹിക്കുന്നത്. ഇതിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്അംഗങ്ങളായ 15 പേർക്ക് തലശ്ശേരി കിറ്റ്സിൽ ടൂർ ആന്റ് ട്രാവൽ മാനേജ്മെന്റിൽ പരിശീലനം നൽകിയിരുന്നു. ഇതിൽ ഏഴ് പേർക്കാണ് സംരംഭത്തിന്റെ നടത്തിപ്പ് ചുമതല. ടൂർ ഗൈഡുമാരും സ്ത്രീകൾ ആയിരിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത്തരമൊരു സംരംഭം കേരളത്തിൽ ആദ്യമാണ്. ധർമശാലയിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഗോവൻ യാത്രയുടെ ബുക്കിങ് ആരംഭിച്ചു. ഫോൺ: 7012446759, 8891438390.