ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനിലേക്ക് ഒരുപടി കൂടി അടുത്തു. പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
ഓഗസ്റ്റ് 6, 9 തീയതികളിൽ ആയിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ പൂര്‍ത്തിയാക്കിയത്. നാലാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16ന് രാവിലെ എട്ടരക്ക് നടക്കും. തുടര്‍ന്ന് ഓഗസ്റ്റ് 17ന് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെടും.
ഓഗസ്റ്റ് 23ന് വൈകീട്ടാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിന് ഉള്ളില്‍ നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനില്‍ പര്യവേക്ഷണം നടത്തും.
തകരാര്‍ സംഭവിച്ചാലും അതിനെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലാണ് ലാന്‍ഡര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഘട്ടം ഘട്ടമായി വേഗം കുറച്ച് സെക്കന്‍ഡില്‍ മൂന്ന് മീറ്റര്‍ വേഗത്തിലാണ് വിക്രം ലാന്‍ഡര്‍ ചന്ദ്ര ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യുക.