ചീമേനി പുലിയന്നൂരിൽ റിട്ട അധ്യാപിക ജാനകി(65)യെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് .ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.ഐപിസി 302, 452, 394, 307 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ രണ്ടാം പ്രതി റിനീഷിനെ കോടതി വെറുതെ വിട്ടിരുന്നു.രണ്ട് വര്‍ഷത്തെ വിചാരണ നടപടികള്‍ക്കൊടുവിലാണ് കോളിളക്കം സൃഷ്ടിച്ച പുലിയന്നൂര്‍ ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കൊലപാതകം, കവര്‍ച്ച, ഭവനഭേതനം, ഗൂഡാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.അതേസമയം പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും, രണ്ടാം പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന് അഭിഭാഷകനുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കൊല്ലപ്പെട്ട ജാനകിയുടെ മകന് മനോജ് കുമാറും പ്രതികരിച്ചു.2017 ഡിസംബര്‍ പതിമൂന്നിന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാ സംഘം ജാനകി ടീച്ചറെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇരുന്നൂറ്റി പന്ത്രണ്ട് രേഖകളും, അമ്പത്തിനാല് തൊണ്ടിമുതലുകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. 2019 ഡിസംബറില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും ജഡ്ജിമാര്‍ സ്ഥലം മാറിയതിനാലും, കൊവിഡും കാരണം വിധി പറയാന്‍ വൈകുകയായിരുന്നു.