/
11 മിനിറ്റ് വായിച്ചു

ചിറക്കൽ ചിറയെ ഇറിഗേഷൻ ടൂറിസത്തിൽ ഉൾപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇറിഗേഷൻ ടൂറിസത്തിൽ ഉൾപ്പെടുത്തി ചിറക്കൽ ചിറ സൗന്ദര്യവൽക്കരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നവീകരിച്ച ചിറക്കൽ ചിറയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപ അനുവദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചിറക്കൽ ചിറയുടെ നവീകരണം വലിയ സാഹസിക ദൗത്യമായിരുന്നു. ചിറയെ മികച്ച രീതിയിൽ സംരക്ഷിക്കും.ചിറക്ക് ചുറ്റും സന്ദർശകരെ ആകർഷിക്കാൻ ഇരിപ്പിടങ്ങളടക്കം ഒരുക്കും. വിശ്വാസപരമായ എല്ലാ കാര്യങ്ങളും മനസിലാക്കിയായിരിക്കും സൗന്ദര്യവൽക്കരണം ക്രമപ്പെടുത്തുകയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ചിറകളിലൊന്നായ ചിറക്കൽ ചിറ മണ്ണും ചെളിയും നീക്കിയും പടവുകൾ പുനർനിർമ്മിച്ചും സംരക്ഷണ ഭിത്തി കെട്ടിയുമാണ് നവീകരിച്ചത്. ചെളിയും മാലിന്യങ്ങളും നിറഞ്ഞ 53949 ക്യുബിക് മീറ്റർ മണ്ണ് ചിറയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഇതോടെ ചിറയുടെ ജലസംഭരണ ശേഷി 799.93 ലക്ഷം ലിറ്ററിൽ നിന്ന് 1339.42 ലക്ഷം ലിറ്ററായി. ചിറക്കൽ കോവിലകത്തിന്റെ അധീനതയിലുള്ള ചിറ വ്യവസ്ഥകളോടെ ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്.മഴക്കാലത്ത് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴുകി വരുന്ന അഴുക്ക് വെള്ളം ചിറയിലേക്ക് പ്രവേശിക്കുന്നത് തടയാൻ സംരക്ഷണ ഭിത്തിയുടെ മുകളിലായി പാരപറ്റ് വാളും നിർമിച്ചിട്ടുണ്ട്.

ചടങ്ങിൽ കെവി സുമേഷ് എംഎൽഎ അധ്യക്ഷനായി. രവീന്ദ്ര വർമ രാജ മുഖ്യാതിഥിയായി. മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെസി ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, അംഗം കെ ലത, മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനിയർ എംകെ മനോജ്, അസി. എക്സിക്യൂട്ടിവ് എൻജിനിയർ പി സുരേഷ് ബാബു സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!