സാഹിത്യകാരനും ഗാനരചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ഭക്തിഗാന രചയിതാവ് എന്ന നിലയില്‍ സംഗീതാസ്വാദകര്‍ക്ക് സുപരിചിതനാണ്. യേസുദാസിന്റെ തരംഗിണിക്ക് വേണ്ടി തുളസീതീര്‍ത്ഥം എന്ന കാസറ്റിന് വേണ്ടി എഴുതിയ ഒരു നേരമെങ്കിലും, അഷ്ടമി രോഹിണി നാളില്‍ എന്നീ ഗാനങ്ങള്‍ ശ്രദ്ധേയമാണ്.യൂസഫലി കേച്ചേരി സംവിധാനം ചെയ്ത മരം എന്ന സിനിമയില്‍ അഭിനയിച്ച് സിനിമാ രംഗത്ത് പ്രവേശിച്ചു. 1975ല്‍ ഇറങ്ങിയ തുലാവര്‍ഷം എന്ന സിനിമയില്‍ സ്വപ്‌നാടനം ഞാന്‍ തുടരുന്നു എന്ന ഗാനത്തിലൂടെ ഗാന രചയിതാവായി. പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കര്‍പ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്. സലില്‍ ചൗധരി, കെ രാഘവന്‍, എന്നിവരുടെ ഗാനങ്ങള്‍ക്ക് സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നവജീവന്‍ പത്രത്തില്‍ മാധ്യമ പ്രവര്‍ത്തകനായി തുടങ്ങി കോഴിക്കോട് മലയാള മനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായിരുന്നു.