കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ചാവേര്‍ സ്ഫോടനം നടത്തിയ ജമേഷ മുബീന് ഓപ്പറേഷന് നടത്തിയത് ഐഎസ് ശൈലിയിലെന്ന് പൊലീസ്. ദീപാവലി തലേന്നായിരുന്നു സംഗമേശ്വര ക്ഷേത്രത്തിന് സമീപം സ്ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ മുബീന് കൊല്ലപ്പെടുകയും ചെയ്തു. ചാവേര്‍ സ്ഫോടനത്തിന് ഐഎസ് ഭീകരര്‍ അവംലബിക്കുന്ന മാര്‍ഗമാണ് ജമേഷ മുബീനും സ്വീകരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. ലഭ്യമായ ശരീരഭാഗങ്ങളുടെ പരിശോധനയില്‍ ഇയാള്‍ ശരീരത്തിലെ മുഴുവന്‍ രോമവും വടിച്ചുകളഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുളിച്ച് വസ്ത്രം മാറും മുമ്പ് രോമം വടിച്ചുകളയാന്‍ ഉപയോഗിച്ച ട്രിമ്മറും പൊലീസ് കണ്ടെത്തി. സ്ഫോടനം നടത്താന്‍ ഐഎസ് രീതിയാണ് ഇയാള്‍ പിന്തുടര്ന്നതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിന് പുറപ്പെടും മുമ്പ് പ്രാര്‍ഥിക്കുകയും ചോക്കുപയോഗിച്ച് സ്ലേറ്റില്‍ ഐഎസ് പതാക വരക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ‘അല്ലാഹുവിന്റെ ഭവനം തൊടാന്‍ ധൈര്യപ്പെടുന്നവന് നശിക്കും’- എന്ന വാചകമാണ് ഇയാള്‍ തമിഴില്‍ സ്ലേറ്റില്‍ എഴുതിയത്.
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ മൗലവി സെഹ്റാന്‍ ബിന്‍ ഹാഷിം ഇയാളെ സ്വാധീനിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി. വിശുദ്ധ യുദ്ധത്തില്‍ ജിഹാദ് യുവാക്കളുടെ കടമയാണെന്നും കുട്ടികളുടെയും വയോധികരുടെയും ഉത്തരവാദിത്തമല്ലെന്നും മുബീന് പേപ്പറില്‍ എഴുതിയിരുന്നു. മനുഷ്യരെ മുസ്ലീങ്ങളും കാഫിറുകളും മാത്രമായിട്ടാണ് ഇയാള്‍ വേര്‍തിരിച്ചതെന്നും പൊലീസ് പറഞ്ഞു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലാണ് ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചത്. ഇയാളുടെ പൊട്ടിത്തെറിച്ച കാറില്‍ നിന്നും ഗ്യാസ് സിലിണ്ടറുകളും മറ്റ് സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സ് (എന്‍ഐഎ)ആണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലെ സ്ഫോടനത്തില്‍ കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. ആദ്യം അപകടമെന്നായിരുന്നു നിഗമനം. എന്നാല്‍ അന്വേഷണത്തില്‍ ഭീകരാക്രമണമാണെന്ന് വ്യക്തമായി. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്.