///
12 മിനിറ്റ് വായിച്ചു

‘തണുത്ത് വിറച്ച്’ , ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ് തണുപ്പ്, പൂജ്യം ഡിഗ്രി വരെ

ദില്ലി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയിൽ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോർഡ് തണുപ്പ്. ദില്ലിയിൽ നൈനിറ്റാളിനേക്കാൾ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ദില്ലിയിൽ 5.6 ഡിഗ്രി സെൽഷ്യസായി താപനില താഴ്ന്നപ്പോൾ 7 ഡിഗ്രിയായിരുന്നു നൈനിറ്റാളിൽ രേഖപ്പെടുത്തിയത്.ഹരിയാനയിലെ ഹിസറിൽ കുറഞ്ഞ താപനില 1.1 ഡിഗ്രി സെൽഷ്യസിലെത്തി.

രാജസ്ഥാനിലെ ഫത്തേഹ്പൂറിലും. ചുരുവിലും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയെത്തി . മൂടൽ മഞ്ഞ് കാരണം ദില്ലിയിലേക്കും , ദില്ലിയിൽ നിന്നുമുള്ള 15 ട്രെയിനുകൾ വൈകി ഓടുകയാണ്. ദില്ലി വിമാനത്താവളത്തിൽ സർവ്വീസ് തുടരുന്നുണ്ടെങ്കിലും ചില വിമാന സർവ്വീസുകളെ മൂടൽ മഞ്ഞ് ബാധിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു.  ഉത്തർപ്രദേശിലെ ബിജിനോർ,മഥുര തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് ജനുവരി രണ്ട് വരെ അവധി നൽകി. അടുത്ത 48 മണിക്കൂർ ശീത തരംഗം രൂക്ഷമാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ദില്ലിയിലും ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്.  കഴിഞ്ഞ ദിവസം ദില്ലി നഗരത്തിൽ പലയിടത്തും താപനില 3 ഡിഗ്രി വരെ താഴ്ന്നിരുന്നു. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ഏറെ പ്രശസ്തമായ ദൽ തടാകത്തിൽ വെള്ളം ഉറച്ചതോടെ കുടിവെള്ളവിതരണം താറുമാറായി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് തുടാരാനാണ് സാധ്യതയെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച നൽകിയ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ പഞ്ചാബിന്റെ പല ഭാഗങ്ങളിലും ഹരിയാനയിലും ചണ്ഡീഗഡിലും ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യതുണ്ട്. പഞ്ചാബിലെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞുണ്ടായേക്കും. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും പകൽ സമയത്ത് താപനില താഴ്ന്ന നിലയിൽ തുടരാൻ വഴിയൊരുക്കുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!