//
10 മിനിറ്റ് വായിച്ചു

‘സഹകരണ സ്ഥാപനങ്ങളിൽ അനധികൃത നിയമനം നടത്തി പണം തട്ടി’; പി കെ ശശിക്കെതിരെ പരാതി

സിപിഐഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പരാതി. പാർട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ അനധികൃത നിയമനം നടത്തി പി കെ ശശി ലക്ഷകണക്കിന് തുക കെെവശപ്പെടുത്തിയെന്നാണ് മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ മൻസൂർ കെ യുടെ പരാതി.

സിപിഐഎം സംസ്ഥാന-ജില്ല നേതൃത്വങ്ങൾക്കാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് മൻസൂർ പി കെ ശശിക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയത്. മണ്ണാർക്കാട്ടെ റൂറൽ ബാങ്ക്, കുമരംപുത്തൂർ ബാങ്ക്, ഹൗസിംഗ് സൊസൈറ്റി ഉൾപ്പടെ സിപിഐഎം നിയന്ത്രണത്തിലുളള ബാങ്കുകളിൽ ലക്ഷകണക്കിന് രൂപ കൈപറ്റിയാണ് പി കെ ശശി നിയമനം നടത്തുന്നതെന്നാണ് പ്രധാന ആരോപണം.

അഴിമതി ചോദ്യം ചെയ്യുന്നവരെയും ചൊൽപ്പടിക്ക് നിൽക്കാത്തവരെയും പാർട്ടിയിൽ നിന്ന് ഇല്ലാതാക്കുന്ന നടപടിയാണ് പി കെ ശശിയുടേതെന്നും പരാതിയിൽ പറയുന്നു. പാർട്ടിയുടെ ഒരു കമ്മിറ്റിയിലും ചർച്ച ചെയ്യാതെയാണ് അഗ്രികൾച്ചറൽ സൊസൈറ്റിയിലും റൂറൽ ബാങ്കിലും പി കെ ശശിയുടെ ബന്ധുക്കളെ നിയമിച്ചത്. പി കെ ശശി അധ്യക്ഷനായ മണ്ണാർക്കാട്ടെ സ്വാശ്രയ കോളേജിന് വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് കോടി കണക്കിന് രൂപ ഓഹരിയായി പിരിച്ചെടുത്തു എന്നും ആരോപണമുണ്ട്.

പരാതി നൽകി രണ്ട് മാസമായിട്ടും ഇതുവരെ ഒരു നടപടിയും എടുക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ ഒരു വിഭാഗം സിപിഐഎം നേതാക്കൾ.എന്നാൽ ആരോപണം പി കെ ശശി നിഷേധിച്ചു. ഇത്തരമൊരു പരാതി പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് പി കെ ശശി പ്രതികരിച്ചു. പരാതിയിൽ പാർട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ലോക്കൽ കമ്മിറ്റി അംഗം പരാതിയിൽ ആവശ്യപ്പെടുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!