തിരുവനന്തപുരം: സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിൽ ആഭ്യന്തരപരാതിപരിഹാരസമിതി രൂപീകരിക്കാൻ തീരുമാനം. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ സെറ്റിൽ ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിക്കുന്നത്. മലയാള സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതിപരിഹാരകമ്മിറ്റികൾ രൂപീകരിക്കുക, സെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കുക എന്നിവ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളായിരുന്നു. മലയാളത്തിൽ ഒരു സിനിമാസെറ്റ് അത് ആദ്യമായി നടപ്പാക്കാനൊരുങ്ങുകയാണ്. ചരിത്രപരമായ ഈ നീക്കത്തിന് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സംവിധായകനും നിർമാതാക്കൾക്കും നന്ദി പറഞ്ഞു. കർണാടക സ്വദേശിയായ സംവിധായകൻ സെന്ന ഹെഗ്ഡെയുടെ രണ്ടാമത്തെ മലയാളചിത്രമാണ് 1744 വൈറ്റ് ഓൾട്ടോ. ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം നിർമിക്കുന്നത് കബനി ഫിലിംസിന്‍റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ്. ഏറെ നിരൂപകശ്രദ്ധ നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.കാസർകോട്ടാണ് 1744 വൈറ്റ് ഓൾട്ടോ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. സെറ്റിൽ സിനിമയിലെ നടീനടൻമാരും അണിയറപ്രവർത്തകരും കൃത്യമായ ഒരു പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും നിർമാതാക്കളും സംവിധായകനും നിഷ്കർഷിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ അമ്പിളി, എല്ലാ ക്രൂ അംഗങ്ങളുമായും സംസാരിച്ചുവെന്നും, ഐസിസിയുടെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന് വിശദീകരിച്ചുവെന്നും നിർമാതാക്കൾ വ്യക്തമാക്കുന്നു.
പാർവതി, അഞ്ജലി മേനോൻ, പദ്മപ്രിയ എന്നിങ്ങനെ ഡബ്ല്യുസിസി അംഗങ്ങൾ പലരും സെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കണമെന്നും, ആഭ്യന്തരപരാതി പരിഹാരസമിതി വേണമെന്നും പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും ഡബ്ല്യുസിസി സാംസ്കാരികവകുപ്പ് മന്ത്രിയെയും വനിതാകമ്മീഷൻ അധ്യക്ഷയെയും നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. 2019-ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിർന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങളായി ഒരു കമ്മിറ്റി സംസ്ഥാനസർക്കാർ രൂപീകരിച്ചത്. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു സമിതി. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് വിവരങ്ങൾ തേടിയ സമിതിക്ക് മുന്നിൽ ഞെട്ടിക്കുന്ന നിരവധി ലൈംഗികപീഡനപരാതികളും എത്തിയിരുന്നു. ഈ അടിസ്ഥാനത്തിലാണ് അടിയന്തരമായി പോഷ് നിയമം സിനിമാ സെറ്റുകളിൽ നടപ്പാക്കണമെന്നും ഐസിസികൾ രൂപീകരിക്കണമെന്നും സമിതി റിപ്പോർട്ട് നൽകുന്നത്. സമിതി റിപ്പോർട്ട് സമർപ്പിച്ച് ഇപ്പോൾ രണ്ട് വർഷം പിന്നിടുന്നു. എന്നിട്ടും, ആ സമിതി റിപ്പോർട്ടിൽ ഒരു നടപടിയെടുക്കാൻ പോലും സംസ്ഥാനസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ പോലും സർക്കാർ വിമുഖത കാണിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് ഡബ്ല്യുസിസി ഉൾപ്പടെയുള്ള സംഘടനകളും സിനിമാപ്രവർത്തകരും ഉന്നയിച്ചത്.