കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ ചേർന്നു.
കമ്മിറ്റിയിൽ അംഗങ്ങളായി നിശ്ചയിച്ച ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാത്തത് വിമർശന വിധേയമായി.
ജില്ലാ കളക്ടറും, സിറ്റി പോലീസ് കമ്മീഷണറും, ആർ ടി ഓ യും, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും നേരത്തെ നിശ്ചയിച്ചു തന്ന പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാത്തത് തീരുമാനങ്ങൾ എടുക്കുന്നതിനും അത് നടപ്പാക്കുന്നതിനും തടസ്സം നിൽക്കുന്നുവെന്ന് മേയർ പറഞ്ഞു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ആർടിഒയും പോലീസും ചേർന്ന് നടപ്പിലാക്കുന്നതെന്നും, കോർപ്പറേഷനോ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്കോ യാതൊരുവിധ അധികാരവും ഇല്ലാത്ത ഓട്ടോ പെർമിറ്റ് കാര്യത്തിൽ ആർടിഒ തെറ്റിദ്ധാരണ പരത്തുകയാണെന്നും മേയർ പറഞ്ഞു.
പ്രീപെയ്ഡ് കൗണ്ടർ സംബന്ധിച്ച കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും മേയർ പറഞ്ഞു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയെ കടലാസ് കമ്മിറ്റിയാക്കി മാറ്റുവാനുള്ള നീക്കം അനുവദിക്കാൻ ആവില്ല.
യോഗത്തിൽ സ്ഥിരമായി പങ്കെടുക്കുന്ന പ്രതിനിധികളുടെ പേര് വിവരം നിശ്ചയിച്ച് നൽകുവാൻ ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മീഷണർ, ആർടിഒ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർക്ക് കത്ത് നൽകാനും,
നഗരപരിധി സംബന്ധിച്ച് പരാതികൾ ഉയർന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുവാനും, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നേരത്തെ എടുത്ത തീരുമാനം അനുസരിച്ചു ഓട്ടോ പാർക്കിംഗ് സ്ഥലവും അവിടങ്ങളിൽ പാർക്ക് ചെയ്യുന്ന ഓട്ടോകളുടെ എണ്ണവും നിയന്ത്രിക്കുന്നതിനും പാർക്കിംഗ് സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ബോർഡുകളും കോണുകളും നീക്കം ചെയ്യുന്നതിനും പോലീസിന് നിർദ്ദേശം നൽകുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം.പി രാജേഷ്, അഡ്വ പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, പി വി ജയസൂര്യൻ ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ പി വി ബാബുരാജൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജി ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ പി കെ ദിനേശ്, പൊതുമരാമത്ത് ഓവർസിയർ സജീന എൻ എസ് തുടങ്ങിയവർ പങ്കെടുത്തു.