ന്യൂഡൽഹി
‘ഞാൻ യുദ്ധം കണ്ടിട്ടുണ്ട്, കാർഗിൽ യുദ്ധമുന്നണിയിൽ ശത്രുവിനെതിരെ പോരാടി രാജ്യത്തിന്റെ അഭിമാനം കാത്തിട്ടുണ്ട്. എന്നാൽ, സ്വന്തം രാജ്യത്തെ കൊലയാളി സംഘത്തിന്റെ കൈയിൽനിന്ന് ഭാര്യയേയും ഗ്രാമവാസികളേയും രക്ഷിക്കാൻ എനിക്കായില്ല’ –- മണിപ്പുരിൽ മെയ്‌ത്തീ അക്രമികൾ റോഡിലൂടെ നഗ്നയായി നടത്തിച്ച കുക്കി വിഭാഗത്തിൽപ്പെട്ട നാൽപ്പത്തിനാലുകാരിയുടെ ഭർത്താവിന്റെ ഉള്ളുപൊള്ളുന്ന വെളിപ്പെടുത്തൽ. കാർഗിൽ യുദ്ധവീരനായ അദ്ദേഹം അസം റെജിമെന്റിലെ സുബേദാറായാണ് വിരമിച്ചത്. അക്രമികളുടെ ക്രൂരതയ്‌ക്ക് ഇരയായ എല്ലാ സ്‌ത്രീകൾക്കും നീതിവേണമെന്നു മാത്രമാണ് താൻ പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നതെന്ന് ഗ്രാമത്തലവൻകൂടിയായ അദ്ദേഹം പറഞ്ഞു.
സൈന്യത്തിൽനിന്ന് പിരിഞ്ഞപ്പോൾ ലഭിച്ച തുക ഉപയോഗിച്ച് ഗ്രാമത്തിൽ ചെറിയ കച്ചവടം നടത്തുകയായിരുന്നു. അതിനായി വാങ്ങിയ മിനി ട്രക്കും വീടിനൊപ്പം അഗ്നിക്കിരയാക്കിയെന്നും കട കൊള്ളയടിച്ചെന്നും അദ്ദേഹം പറഞ്ഞു. മെയ് നാലിന് അക്രമികൾ ബി ഫൈനോം ഗ്രാമത്തിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആയിരത്തോളംപേർ വളഞ്ഞു. അതിനുമുമ്പേ നാലുവയസ്സുള്ള മകളെ മറ്റ് കുക്കി വനിതകൾക്കൊപ്പം കാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. അക്രമിസംഘത്തിൽപ്പെട്ട യുവാക്കൾ തന്നെ തിരിച്ചറിഞ്ഞശേഷം ഭാര്യയുടെ അടുത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംഘത്തിൽനിന്ന് അകലെ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടതോടെയാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും അദ്ദേഹം ഓർത്തെടുത്തു.
കുഞ്ഞിനെയും ഭാര്യയെയും രണ്ടാഴ്‌ചയ്‌ക്കുശേഷം കാട്ടിൽ കണ്ടുമുട്ടുകയായിരുന്നു. ഖംജോങ് ജില്ലയിലേക്ക് രക്ഷപ്പെടും വഴി ഒരു നാഗ കുടുംബമാണ് ഒരാഴ്‌ച സംരക്ഷിച്ചത്. തെങ്‌നൗപാൽ ജില്ലയിലെ ക്യാമ്പിൽ കുടുംബത്തെ എത്തിച്ചശേഷം കാങ്‌പോപിയിലെ സൈകുൽ പൊലീസ് സ്റ്റേഷനിലെത്തി മെയ് 18ന് പരാതി നൽകി. വീഡിയോ വൈറലാകുംവരെ പൊലീസും മണിപ്പുർ സർക്കാരും അനങ്ങിയില്ലെന്നും അദ്ദേഹം രോഷത്തോടെ പറഞ്ഞു.