ശമ്പളം മുടങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണ്‍ അനുവദിച്ചു.സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡ്ക്‌സ്, ഹാന്‍വീവ്, കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും സാധനം വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിന് ആനുപാതികമായിട്ടാണ് കൂപ്പണ്‍ അനുവദിക്കുക. ഇതിനായി താല്‍പര്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്കിടെ അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുന്‍പ് നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ 50 കോടി രൂപ അടിയന്തിരമായി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബാക്കി തുക കൂപ്പണുകളും വൗച്ചറുകളും ആയി നല്‍കാനുമായിരുന്നു നിര്‍ദേശം.കൂപ്പണും വൗച്ചറും ആവശ്യമില്ലാത്തവര്‍ക്ക് ജൂലൈ, ആഗസ്റ്റ്, മാസങ്ങളിലെ ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.