//
8 മിനിറ്റ് വായിച്ചു

‘മാസ്ക്കാണ് ഏറ്റവും വലിയ പ്രതിരോധം’; കൊവിഡ് നാലാം തരം​ഗത്തിന് സാധ്യതയില്ലെന്ന് വീണ ജോർജ്

കൊവിഡ് നാലാം തരം​ഗത്തിന് സാധ്യതയില്ല എന്നാൽ മാസ്ക്ക് ഇപ്പോഴും നിർബന്ധമാണെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.തൽകാലം കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യമില്ല. കൊവിഡ് കേസുകൾ വർധിക്കുന്നത് സർക്കാർ നിരീക്ഷിക്കുകയാണ്.കേസുകൾ 3000ത്തിൽ നിന്ന് 5000 ത്തിലേക്ക് കടക്കുകയാണെങ്കിൽ തരംഗമായി കണക്കാക്കും. നാം പോസ്റ്റ് വാക്‌സിൻ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ തലത്തിൽ കേസുകൾ കൂടുന്നുണ്ട് പക്ഷേ അത് തരംഗമായി കണക്കാക്കപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.കടലാസിൽ മാത്രമല്ല മാസ്ക് നിർബന്ധം. അടുത്തിടെ ദുരന്ത നിവാരണ അതോറിറ്റി മാസ്‌ക് നിർബന്ധമാണെന്ന് ഉത്തരവിറക്കിയിരുന്നു. അതാണ് കൊവിഡിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമെന്ന് മന്ത്രി ചൂണ്ടികാട്ടി. അതേസമയം, ഒരു വിഭാഗം മാധ്യമങ്ങളെ മന്ത്രി വിമര്‍ശിച്ചു. ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ അതിന്റെ മറു വശമെന്താണെന്ന് കൂടി കൊടുക്കേണ്ടതുണ്ടെന്നും താന്‍ മാധ്യമപ്രവര്‍ത്തകയായ ഘട്ടത്തില്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നെന്ന് വീണാ ജോര്‍ജ് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തനിക്കെതിരെ വളരെ നിശിതമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയ മാധ്യമങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങളുടെ മാധ്യമം ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നതെന്ന് അവരോട് ചോദിച്ചപ്പോള്‍ തങ്ങളുടെ നയം ഇങ്ങനെയാണെന്നാണ് അവര്‍ നല്‍കിയ ഉത്തരമെന്നും വീണ ജോർജ് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!