കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വേദി ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ വേദിക്ക് പുറത്തെ താരം ഒരു ഒഡീഷക്കാരനാണ്. ഒഡീഷയില്‍ നിന്നും കേരളത്തിലെത്തി, സിപിഐഎമ്മിന്റെ കണ്ണൂര്‍ തളിപ്പറമ്പ് ടൗണ്‍ ബ്രാഞ്ച് അംഗമായി മാറിയ ജഗന്നാഥനാണ് ആ താരം. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒഡീഷയില്‍ നിന്നുള്ള മുഴുവന്‍ പ്രതിനിധികളുടെയും ചുമതല ഇന്ന് ജഗനാണ് നിര്‍വ്വഹിക്കുന്നത്.. കണ്ണൂരില്‍ നിന്നും ലഭിച്ച സൗഹൃദമാണ് ജഗന്നാഥനെ പാര്ട്ടിയോടടുപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയുടെ കൊടിമര ജാഥയില്‍ വളണ്ടിയറായും ജഗനുണ്ടായിരുന്നു.പിണറായി വിജയനാണ് ജഗന് ഇഷ്ടപ്പെട്ട നേതാവ്.അത്ര തന്നെയിഷ്ടം കണ്ണൂരിനോടുമുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ഒഡീഷ സംസ്ഥാന സെക്രട്ടറി അലി കിഷോര്‍ പട്നായ്ക് ഉള്‍പ്പെടെ ഒമ്പതോളം പ്രതിനിധികളുടെ യാത്രയും ഭക്ഷണവും എല്ലാം കൈകാര്യം ചെയ്യുന്നത് ജഗനാണ്.ഇതിനായി നേരത്തേ തന്നെ ജഗന് തയ്യാറായിരുന്നു.പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത ഒഡീഷയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് ജഗന്റെ സ്വപ്നം. ഇതിനായി തനിക്ക് സമയം വേണമെന്നും ജഗന് പറയുന്നു. ഒരിക്കല്‍ ആ സ്വപ്നം നിറവേറ്റുമെന്നും ജഗന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ട്ടി പിറന്ന കണ്ണൂരില്‍, ആദ്യമായെത്തിയ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണിന്ന് ജഗന്.