ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ഇടതുമുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല.
ഇടതുമുന്നണിയില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഐയും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനും ജനവിധി തേടും.മണിക് സര്‍ക്കാരിനെ കൂടാതെ മുൻ ധനമന്ത്രി ഭാനു ലാൽ സാഹ, സഹിദ് ചൗധരി, ബാദൽ ചൗധരി, ജഷ്ബീർ ത്രിപുര, തപൻ ചക്രവർത്തി മബസർ അലി തുടങ്ങിയ മുതിർന്ന നേതാക്കളൊന്നും ഇത്തവണ മത്സരിക്കുന്നില്ല.
ആകെയുള്ള 60 സീറ്റില്‍ 19 എണ്ണം പട്ടിക വര്‍ഗത്തിനും (ആദിവാസി വിഭാഗം) 11 എണ്ണം പട്ടിക ജാതി വിഭാഗത്തിനും സംവരണം ചെയ്തിരിക്കുകയാണ്. സിപിഎം, ഇടതുമുന്നണി സംസ്ഥാന കമ്മറ്റികള്‍ ബുധനാഴ്ച പ്രത്യേകം യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമായി അംഗീകരിച്ചത്.സിപിഎം സംസ്ഥാന സെക്രട്ടറി സബ്രൂം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ മണ്ഡലമായ ധൻപൂരിൽ ഇത്തവണ കൗഷിക് ചന്ദയാണ് മത്സരിക്കുന്നത്.ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇടതുമുന്നണി കൺവീനർ നാരായൺ കർ വാർത്താമ്മേളനത്തിൽ പറഞ്ഞു. സിപിഎം ഇത്തവണ 24 പുതുമുഖങ്ങളെ സ്ഥാനാർത്ഥി പട്ടികയിലുള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്.