മുസ്ലീം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എം.വി. ഗോവിന്ദന്റെ പ്രസ്താവന അപക്വമാണെന്ന് കാനം പറഞ്ഞു. ലീഗിനെക്കുറിച്ച് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്ന് അറിയില്ല. ബി.ജെ.പിക്കെതിരായി ഐക്യമുണ്ടാക്കാന്‍ എന്ന അര്‍ത്ഥത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രസ്താവനയെങ്കില്‍ അത് ശരിയാണ്. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
രാഷ്ട്രീയത്തില്‍ സ്ഥിരമായി ബന്ധുക്കളോ ശത്രുക്കളോ ഇല്ലെന്ന സമീപനം ബൂര്‍ഷ്വാ പാര്‍ട്ടിക്ക് ചേര്‍ന്നതാണെന്നും കാനം രാജേന്ദ്രന് വിമര്‍ശിച്ചു. മുസ്ലീം ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്നും ഗവര്‍ണര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ലീഗിന്റെ നിലപാട് കൃത്യമാണെന്നും എം.വി. ഗോവിന്ദന് ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. എം.വി. ഗോവിന്ദന്റെ അനവസരത്തിലുള്ള പ്രസ്താവന അനാവശ്യ ചര്‍ച്ചകള്‍ക്കും യു.ഡി.എഫ് ഐക്യത്തിനും ഇടയാക്കിയെന്നും കാനം പറഞ്ഞു.