16 മിനിറ്റ് വായിച്ചു

കോമൺവെൽത്ത്‌ ഗെയിംസിൽ പ്രതിസന്ധി ; 2026ലെ മേളയ്ക്ക് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ഓസ്ട്രേലിയൻ സ്റ്റേറ്റ് വിക്ടോറിയ

മെൽബൺ
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയൻ സ്‌റ്റേറ്റ്‌ വിക്‌ടോറിയ പിന്മാറിയതോടെ 2026ലെ കോമൺവെൽത്ത്‌ ഗെയിംസ്‌ പ്രതിസന്ധിയിലായി. പുതിയ വേദി കണ്ടുപിടിക്കാനായില്ലെങ്കിൽ രണ്ടാംലോകമഹായുദ്ധത്തിനുശേഷം ആദ്യമായി കോമൺവെൽത്ത്‌ ഗെയിംസ്‌ നടക്കാതെ വരും. കഴിഞ്ഞവർഷം ഏപ്രിലിലാണ്‌ വിക്‌ടോറിയയെ ആതിഥേയ നഗരമായി പ്രഖ്യാപിച്ചത്‌. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന മേളയുടെ അവസാന പതിപ്പ്‌ കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ ബർമിങ്‌ഹാമിലായിരുന്നു.

കോമൺവെൽത്തിൽ 54 രാജ്യങ്ങളാണ്‌. ഏറെയും ബ്രിട്ടീഷ്‌ അധീനതയിലുണ്ടായിരുന്ന രാജ്യങ്ങൾ. 1930ലായിരുന്നു ആദ്യമേള. ഓസ്‌ട്രേലിയ അഞ്ചുതവണ ആതിഥേയരായി. 2018ൽ ഗോൾഡ്‌ കോസ്‌റ്റിൽ ആയിരുന്നു അവസാനത്തേത്‌.മേള നടത്തിയാൽ വലിയ സാമ്പത്തികപ്രതിസന്ധി ഉണ്ടാകുമെന്നതിനാൽ പിന്മാറുന്നുവെന്ന്‌ വിക്‌ടോറിയൻ തലവൻ ഡാനിയേൽ ആൻഡ്രൂസ്‌ കോമൺവെൽത്ത്‌ ഗെയിംസ്‌ ഫെഡറേഷനെ അറിയിക്കുകയായിരുന്നു. ഏകദേശം 16,000 കോടി രൂപയാണ്‌ സംഘാടകർ മേളയ്‌ക്ക്‌ ചെലവ്‌ പ്രതീക്ഷിച്ചത്‌. എന്നാൽ, ഇതിന്റെ രണ്ടിരട്ടിയിൽ കൂടുതൽ തുകയെങ്കിലും വേണ്ടിവരുമെന്നാണ്‌ ഇപ്പോഴത്തെ വിലയിരുത്തൽ. ഇത്രയും തുക മുടക്കാനാകില്ലെന്നായിരുന്നു ഡാനിയേൽ ആൻഡ്രൂസിന്റെ പ്രതികരണം.
‘മേള നടത്തിയാൽ വിക്ടോറിയക്കുണ്ടാകുന്ന സാമ്പത്തിക ഗുണങ്ങളാണ്‌ ആതിഥേയരാകാൻ പ്രേരിപ്പിച്ചത്. എന്നാൽ, നിലവിലെ അവസ്ഥയിൽ ചെലവല്ലാതെ നേട്ടമൊന്നുമില്ല. ഇത്രയും ഭീമമായ തുക മുടക്കാനുമില്ല’–- ആൻഡ്രൂസ്‌ വ്യക്തമാക്കി.

പന്ത്രണ്ട്‌ ദിവസമാണ്‌ മേള. 20 കായിക വിഭാഗങ്ങൾ, 26 ഇനങ്ങളും. സ്‌റ്റേറ്റിലെ അഞ്ച്‌ നഗരങ്ങളെയാണ്‌ തെരഞ്ഞെടുത്തത്‌. ഗീലോങ്‌, ബല്ലാറത്‌, ബെൻഡ്രിഗോ, ഗിപ്‌സ്‌ലാൻഡ്‌, ഷെപാർടോൺ എന്നിവ. ഇവയ്‌ക്കെല്ലാം പ്രത്യേകം ഗെയിംസ്‌ ഗ്രാമങ്ങളും വേണം.  വേദികളുടെ എണ്ണം കുറയ്‌ക്കാനും വിക്ടോറിയൻ തലസ്ഥാനമായ മെൽബണിലേക്ക്‌ മാറ്റാനും ശ്രമം നടത്തിയിരുന്നു. എന്നാൽ, അതൊന്നും ഫലംകണ്ടില്ല. ഫെഡറേഷനുമായുള്ള കരാർ റദ്ദാക്കിയതോടെ വിക്‌ടോറിയ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും. എന്നാൽ, ഇതിനെക്കുറിച്ച്‌ ആൻഡ്രൂസ്‌ പ്രതികരിച്ചില്ല.

തീർത്തും നിരാശപ്പെടുത്തുന്ന തീരുമാനമെന്നായിരുന്നു ഫെഡറേഷന്റെ പ്രതികരണം. ഒന്നിച്ചൊരു പരിഹാരം കണ്ടെത്താൻപോലും വിക്‌ടോറിയൻ അധികൃതർ ശ്രമിച്ചില്ലെന്നും ഫെഡറേഷൻ കുറ്റപ്പെടുത്തി. സമീപകാലത്തായി മേളയോടുള്ള താൽപ്പര്യം രാജ്യങ്ങൾക്കെല്ലാം കുറഞ്ഞുവരികയാണ്‌. പൊലിമ നഷ്ടമാകുകയും ചെയ്‌തു. 2019ലായിരുന്നു 2026ലെ വേദി പ്രഖ്യാപിക്കേണ്ടിയിരുന്നത്‌. എന്നാൽ, പട്ടികയിലുണ്ടായിരുന്ന രാജ്യങ്ങളിൽ പലതും പിന്മാറിയതോടെ പ്രഖ്യാപനം നീണ്ടു. സാമ്പത്തികമായിരുന്നു കാരണം. ഒടുവിൽ വിക്ടോറിയ രംഗത്തെത്തുകയായിരുന്നു. ഇനി പുതിയൊരു വേദി കണ്ടെത്തുകയെന്നത്‌ ഫെഡറേഷന്‌ ശ്രമകരമായ ജോലിയായിരിക്കും

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!