ഐപിഎല്ലിൽ ആദ്യ ജയം തേടി ചെന്നൈ ഇന്നിറങ്ങും. ചെന്നൈയുടെ രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പർ കിംഗ്‌സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ കളിയിൽ ഋതുരാജ് ഗെയ്ക്ക്വാദിന്റെ വെടിക്കെട്ടിന്റെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 178 റൺസ് നേടിയത്. നിർഭാഗ്യത്തിന് സെഞ്ച്വറി നഷ്ടമായ ഋതുരാജ് 50 പന്തിൽ നാല് ഫോറും ഒമ്പത് സിക്സുമടക്കം 92 റൺസെടുത്ത് കാണികളെ വിരുന്നൂട്ടിയപ്പോൾ അവസാന ഓവറുകളിൽ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും ആഞ്ഞടിച്ച് തന്റെ പ്രതിഭ മങ്ങിയിട്ടില്ലെന്ന് തെളിയിച്ചു.
ലഖ്‌നൗവിനെതിരെ ഒരു അധിക സ്പിന്നറെയും ചെന്നൈയ്ക്ക് ഇറക്കാനാകും. ആദ്യ മൂന്ന് മത്സരങ്ങളിൽ ശ്രീലങ്കയുടെ മഹിഷ് തിഷ്ഖാന ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആർക്കാണ് അവസരം ലഭിക്കുകയെന്ന് കണ്ടറിയണം. മറുവശത്ത് ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വൻ വിജയം നേടിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെ 50 റൺസിനാണ് പരാജയപ്പെടുത്തിയത്.