സിനിമാചിത്രീകരണത്തിനുപയോഗിക്കുന്ന നോട്ടുകൾ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ മാമം തോട്ടിൽ രാവിലെ എട്ട് മണിയോടെയാണ് ചാക്കിൽക്കെട്ടിയ നിലയിൽ നോട്ടുകൾ കണ്ടെത്തിയത്. തദ്ദേശ വാസിയായ ബിനു രാമചന്ദ്രൻ രാവിലെ തോട്ടിൽ കുളിക്കാനെത്തിയപ്പോഴാണ് രണ്ട് ചാക്കുകെട്ടുകൾ ഒഴുകിവരുന്നത് കണ്ടത്.
തുറന്നു പരിശോധിച്ചപ്പോൾ കെട്ടുകണക്കിന് കറൻസി നോട്ടുകളായിരുന്നു. സംഭവം അറിഞ്ഞയുടൻ ബിനു നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചാക്ക് തുറന്നപ്പോൾ അഞ്ഞൂറിന്റെ നോട്ടുകൾ കണ്ട് അമ്പരക്കുകയും ചെയ്തു. വിവരം അറിഞ്ഞയുടൻ വലിയ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്.തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി.
ചാക്ക് കെട്ടുകൾ നടത്തിയ പരിശോധനയിൽ സിനിമാചിത്രീകരണത്തിനുവേണ്ടി ഉപയോഗിക്കുന്ന നോട്ടുകളാണെന്ന് വ്യക്തമായതോടെയാണ് ബിനുവിന്റെയും നാട്ടുകാരുടെയും അമ്പരപ്പ് മാറിയത്. നോട്ടിൽ ഷൂട്ടിംഗ് ആവശ്യത്തിനാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.സിനിമാ സെറ്റുകളിൽ നിന്നും കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇടപെട്ട് നോട്ടുകെട്ടുകൾ സ്ഥലത്ത് നിന്നും മാറ്റി. സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.