ഫോണിലേക്ക് വന്ന വ്യാജ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ സ്വകാര്യ ബാങ്കിലെ നാൽപതോളം ഉപഭോക്താക്കൾ പണം നഷ്ടപ്പെട്ടതിൽ മുന്നറിയിപ്പുമായി പൊലീസ്. മുംബൈയിൽ മറാത്തി നടിയടക്കം 40 പേർക്കാണ് പണം നഷ്ടമായത്. കെവൈസി, പാൻ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണിലേക്ക് അയച്ച സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ 40 ഇടപാടുകാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് സംഘം കവർന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
ബാങ്ക് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചോദിക്കുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് KYC/PAN കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിരിക്കുന്നുവെന്ന് കാണിച്ചാണ് തട്ടിപ്പുകാർ ഫിഷിംഗ് ലിങ്കുകൾ എസ്എംഎസ് ആയി അയക്കുന്നത്. അത്തരം ലിങ്കുകൾ ഉപഭോക്താക്കളെ ബാങ്കിന്റെ വ്യാജ വെബ്‌സൈറ്റിലേക്ക് എത്തിക്കും. പിന്നീട് കസ്റ്റമർ ഐഡി, പാസ്‌വേഡ്, മറ്റ് രഹസ്യ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും. ടിവി നടി ഉൾപ്പെടെയുള്ളവർക്കാണ് പണം നഷ്ടമായത്.