മലപ്പുറം
മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടകവീട്ടിൽ നാലംഗ കുടുംബം ജീവനൊടുക്കാൻ കാരണം മക്കൾക്കുണ്ടായ ജനിതക രോഗമെന്ന് നിഗമനം. ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) എന്ന രോഗത്തെക്കുറിച്ചുള്ള ആധി ഇവർക്കുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. മലപ്പുറം സുന്ദരം ഫിനാൻസ് മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ വീട്ടിൽ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ എസ്‌ബിഐ ജീവനക്കാരിയായ കണ്ണൂർ തളിപ്പറമ്പ് വരഡൂലിലെ ചെക്കിയിൽ വീട്ടിൽ നാരായണന്റെ മകൾ ഷീന (38), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവർധൻ (രണ്ടര) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി പതിനൊന്നുകഴിഞ്ഞ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി ഇരുവരും ആത്മഹത്യചെയ്തതായാണ് പൊലീസ് നിഗമനം.
ശരീരത്തിലെ പേശികളെ ബാധിച്ച് വൈകല്യത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) എന്ന രോഗം മൂത്തമകൻ ഹരിഗോവിന്ദിന് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ രണ്ടാമത്തെ മകൻ ശ്രീവർധനും രോഗ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്ക് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കുടുംബത്തെ വ്യാഴാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
മക്കളുടെ അസുഖത്തിലുള്ള മനോവിഷമമാവാം മരണകാരണമെന്നും ദമ്പതികൾക്ക് മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റുമോർട്ടംചെയ്‌ത മൃതദേഹങ്ങൾ ഷീനയുടെ വരഡൂലിലെ വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം സബീഷിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം ശനിയാഴ്‌ച രാവിലെ ഒമ്പതിന് കോഴിക്കോട് വെസ്റ്റ്‌ഹിൽ ശ്‌മശാനത്തിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം ബ്രാഞ്ചിൽനിന്ന് പ്രൊമോഷനായി കഴിഞ്ഞ ദിവസമാണ് ഷീന കാസർകോട് ബ്രാഞ്ചിൽ ചുമതലയേറ്റത്.