ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയും നവജാതശിശുവും മരിക്കാനിടയായ സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് കൈമാറി. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അമ്മയുടെയും നവജാതശിശുവിന്‍റെയും ആരോഗ്യനിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാതിരുന്നത് ചികിത്സാപ്പിഴവായി വരുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ, ഇക്കാര്യം വിശദമായി അന്വേഷിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. ഡോക്ടർമാരിൽനിന്ന് വീഴ്ച വന്നിട്ടുണ്ടോ എന്നത് പരിശോധിക്കാൻ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് ആവശ്യപ്പെടും.
കൂടാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് നീങ്ങുക. എന്നാൽ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് എ. അബ്ദുൽ സലാമിന്‍റെ നിർദേശാനുസരണമുള്ള അന്വേഷണ സംഘത്തിന്‍റെ അന്വേഷണം പൂർത്തിയായി. സംഘത്തിലെ രണ്ടുപേർ അവധിയിലായതിനാൽ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും.
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്‍റെ ഭാര്യ അപർണയും(22) നവജാതശിശുവുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നുവരുന്നത്.
അമ്മയും കുഞ്ഞും മരിച്ച സംഭവം: ആരോഗ്യനില ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച
