ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. വധഭീഷണിക്ക് പിന്നാലെയാണ് മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ ഒരുക്കുന്നത്. ഇനിമുതൽ സായുധരായ രണ്ട് കമാൻഡോകൾ മുഴുവൻ സമയവും താരത്തെ അനുഗമിക്കും. സൽമാനൊപ്പം അക്ഷയ് കുമാർ, അനുപം ഖേർ എന്നിവരുടെ സുരക്ഷയും മഹാരാഷ്ട്ര സർക്കാർ വർധിപ്പിച്ചിട്ടുണ്ട്
പഞ്ചാബി ഗായകൻ സിദ്ധു മൂസേ വാലയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ മെയ് 29 നാണ് സൽമാൻ ഖാനെതിരെ ഭീഷണി വന്നത്. സൽമാൻ ഖാന്റെ അവസ്ഥയും മൂസേ വാലയെപ്പോലെ ആകുമെന്ന് ഭീഷണി കത്തിൽ പറയുന്നു. ഇതിന് പിന്നാലെ സലിം ഖാന്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് സലിം ഖാന്റെയും സൽമാൻ ഖാന്റെയും മൊഴി രേഖപ്പെടുത്തി.
ഓഗസ്റ്റിൽ സൽമാൻ ഖാന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസും നൽകിയിരുന്നു. താരത്തിന് നേരെയുള്ള ഭീഷണി ചൂണ്ടിക്കാട്ടിയാണ് ലൈസൻസിന് അപേക്ഷിച്ചത്. ലോറൻസ് ബിഷ്ണോയിയുടെയും ഗോൾഡി ബ്രാറിന്റെയും സംഘത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് പൊലീസ് എക്സ് കാറ്റഗറി സുരക്ഷാ ഒരുക്കിയിരുന്നു. ഇതാണ് ഇപ്പോൾ വൈ പ്ലസ് കാറ്റഗറിയാക്കി ഉയർത്തിയത്.