ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ലെന്നും എംഎല്‍എ ചോദിച്ചു.തനിക്കെതിരേ നടന്ന സമരത്തിന്റെ ഭാഗമായല്ല കിഴക്കമ്പലത്ത് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതൊന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും എംഎല്‍എ പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ കുറ്റക്കാരെ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിന് കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. സിപിഐഎം പ്രവര്‍ത്തകരായ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും പി.വി.ശ്രീനിജന്‍ പറഞ്ഞു.