കണ്ണൂർ : ആയിക്കരയിൽ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പൊലീസ്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ നടത്തിയ കൊലപാതകമാണെന്നും പ്രതികൾക്ക് കൊല്ലപ്പെട്ട ജസീറിനോട് മുൻ വൈരാഗ്യമില്ലെന്നുമാണ് പൊലീസ് പറയുന്നത്. നെഞ്ചിൽ ഏറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമികമായി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വിശദീകരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടര മണിയോടെയാണ് കൊലപാതകമുണ്ടായത്. സുഹൃത്ത് ഹബീഷിന്റെ ബൈക്ക് എടുക്കാനായി ജസീർ ആയിക്കര മത്സ്യമാർക്കറ്റിന് അടുത്തെത്തി. റോഡ് വക്കിൽ കാറ് നിർത്തി ഹബീഷ് ബൈക്ക് എടുക്കാൻ പോയി. വണ്ടിയിൽ തന്നെയിരുന്ന ജസീർ അതുവഴി ബൈക്കിൽ വന്ന റയീബ്, ഹനാൻ എന്നിവരുമായി സംസാരിക്കുന്നതിനിടെ തർക്കമായി. വാക്കു തർക്കം കയ്യാങ്കളിലിയിലേക്ക് നീങ്ങി. മൂർച്ചയുള്ള ഇരുമ്പുകമ്പികൊണ്ട് റയീബ് ജസീറിനെ കുത്തി. അടുത്തുള്ള മത്സ്യമാർക്കറ്റിലെ തൊഴിലാളികൾ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴേക്കും ഇരുവരും ഓടി രക്ഷപ്പെട്ടിരുന്നു. ഇരുന്നൂറ് മീറ്റർ മാത്രമുള്ള ജില്ലാ ആശുപത്രിയിലേക്ക് ജസീറിനെ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ മുറിവാണ് മരണകാരണം. പ്രതികൾ ഓടിപ്പോയ വഴിയിലെ സിസിടിവി പരിശോധിച്ച പൊലീസ് കുറച്ചകലെയുള്ള ഒരു കെട്ടിടത്തിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ ഇരുവരെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ റയീബാണ് ജസീറിനെ കുത്തിയതെന്ന് സമ്മതിച്ചെങ്കിലും ആയുധം കണ്ടെടുക്കാനായിട്ടില്ല.