അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ എത്തുകയും സുപ്രീം കോടതി എല്ലാ കേസുകളുടെയും വാദം ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.