പെൺകുട്ടികളുടെ വിവാഹം പ്രായം 21 ലേക്ക് ഉയർത്താനുളള തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നത് തടയാൻ ഇത് കാരണമാകുമെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോലും ക്രിമിനൽവത്കരിക്കപ്പെടുമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ചൂണ്ടിക്കാട്ടി. വിവാഹം പ്രായം വർദ്ധിപ്പിക്കുന്ന വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിനു മുസ്ലിം ലീഗ് നോട്ടീസ് നൽകിയിരിക്കുകയാണ്. രാജ്യസഭയിലും ലോകസഭയിലും നോട്ടീസ് നൽകിയിട്ടുണ്ട്. ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ പിവി അബ്ദുൽ വഹാബും നോട്ടീസ് നൽകി. ബിൽ വന്നാൽ ശക്തിയായി എതിർക്കുമെന്നും രാജ്യത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാറെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് സാധൂകരിക്കപ്പെടുന്ന രാജ്യത്ത് വിവാഹപ്രായം കൂട്ടുന്നത് എങ്ങനെയാണ് ന്യായീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്ന തീരുമാനം യുക്തിഭദ്രമല്ലെന്നും വിഷയം പഠിക്കാതെയാണ് നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹം,വിവാഹമോചനം എന്നിവയിൽ മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഏകീകൃത സിവിൽ കോഡിലേക്കുള്ള വഴിയാണ് സ്ത്രീകളുടെ വിവാഹപ്രായം വർദ്ധിപ്പിക്കലെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. സ്ത്രീ -പുരുഷ വിവാഹം പ്രായം ഏകീകരിക്കുമെന്ന് 2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തിയിരുന്നു. പാർലമെൻറ് സമ്മേളനത്തിന് മുമ്പ് ചേർന്ന കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയിരുന്നു. വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. 16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. വിവാഹപ്രായം 22, 23 വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലുംആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു.