സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ പേര് മാറ്റാന്‍ തീരുമാനമായി. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. പൊതുവിതരണ ഡയറക്ടര്‍, പൊതുവിതരണ കമ്മീഷണര്‍ എന്നീ തസ്തികകള്‍ സംയോജിപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ എന്ന പേര് നല്‍കാനും ധാരണയായി.അതേസമയം, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ത്ഥ്യമാകുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതിനായി സ്റ്റേറ്റ് സബോര്‍ഡിനേറ്റ് വിശേഷാല്‍ ചട്ടങ്ങള്‍ അന്തിമപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. അഞ്ച് വകുപ്പുകളിലെ മുപ്പത്തിരണ്ടായിരത്തോളം ജീവനക്കാരെ ഏകീകരിച്ചു തദ്ദേശ സ്വയംഭരണ സര്‍വ്വീസ് രൂപപ്പെടുത്തുന്ന പ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്. ഏകീകരണത്തോടെ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കിടയിലുള്ള സഹകരണം വര്‍ധിക്കും. ഇപ്പോള്‍ നേരിടുന്ന ഏകോപനമില്ലായ്മ പരിഹരിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടപ്പിലാക്കാത്ത പദ്ധതിയാണ് യഥാര്‍ഥ്യമാകുന്നത്. 19-ാം തിയതി ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നടക്കും.വാതില്‍പ്പടി സേവനം, അതിദരിദ്രരെ കണ്ടെത്തല്‍ തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഏപ്രില്‍, മെയ് മാസത്തോടെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.