കണ്ണൂര്‍: വികസന മേഖലയില്‍ ഭാരതത്തില്‍ കുതിച്ചു ചാട്ടമുണ്ടായത് മോദി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്. ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി മാരാര്‍ജി ഭവനില്‍ ജില്ലാതല ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാർ അധികാരത്തിലേറുമ്പോള്‍ സമസ്ത മേഖലയിലും വികസന മുരടിപ്പായിരുന്നു. അഴിമതിയും കെടുകാര്യസ്തതയും എല്ലാ മേഖലയിലും നടമാടിയിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.
1923 ല്‍ ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകര്‍ന്ന് തരിപ്പണമായപ്പോള്‍ സമസ്ത മേഖലയിലും മുന്നോട്ട് പോകാന്‍ ബിജെപിക്ക് സാധിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നിരവധി കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. ഇന്ന് പാര്‍ട്ടിക്ക് 17 കോടി മെമ്പര്‍മാരുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ കൂടുതലാണിത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദിക്കെതിരെയായിരുന്നു വ്യാപക വിമര്‍ശനം. എന്നാല്‍ മോദിയെ ഭാരതത്തിലെ ജനങ്ങള്‍ മൂന്നാമതും അധികാരത്തിലെത്തിച്ച കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിച്ചത്. ആബാല വൃദ്ധം ജനങ്ങള്‍ക്കും ഗുണകരമായ നിരവധി വികസന പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. വികസന കാര്യത്തില്‍ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, മേഖല സംഘടനാ സെക്രട്ടറി ജി. കാശിനാഥ്, ദേശീയ സമിതി അംഗങ്ങളായ എ. ദാമോദരന്‍ പി.കെ. വേലായുധന്, സി. രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു എളക്കുഴി സ്വാഗതവും എം.ആര്. സുരേഷ് നന്ദിയും പറഞ്ഞു.