//
9 മിനിറ്റ് വായിച്ചു

നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ഇരട്ട മരണം ;കണ്ണൂർ ധർമ്മടത്തെ അച്ഛന്റെയും മകന്റെയും സംസ്കാരം ഇന്ന്

കണ്ണൂര്‍:  ആത്മഹത്യചെയ്ത മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ധര്‍മ്മടത്താണ് നാടിനെയാകെ വേദനയിലാഴ്ത്തി ഒരേ ദിവസം അച്ഛനും മകനും മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. മോസ്‌ കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനാണ്  (24) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. മകന്‍റെ മൃതദേഹം കണ്ട അച്ഛൻ സദാനന്ദന്‍ (65) കുഴഞ്ഞ് വീഴുകയായിരുന്നു.

സദാനന്ദന്‍- ദീപ ദമ്പതികളുടെ മകനാണ് ദര്‍ശന്‍.  തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ അധ്യാപികയായ അമ്മ ടി.പി. ദീപ പതിവ് പോലെ രാവിലെ ജോലിക്ക് പോയിരുന്നു.ആ സമയത്ത് ദര്‍ശന്‍ ഉണര്‍ന്നിരുന്നില്ല. രണ്ടാം നിലയിലെ മുറിയിലായിരുന്നു ദര്‍ശന്‍ കിടന്നിരുന്നത്. പതിവ് സമയം കഴിഞ്ഞിട്ടും കാണാതായതോടെ അച്ഛന്‍ സദാനന്ദന്‍ മകനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. ഏറെ നേരം വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് മുകളിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടു.

സംശയം തോന്നി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മകനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദര്‍ശന്‍. മകന്‍റെ മൃതദേഹം കണ്ട  ഉടൻ കുഴഞ്ഞുവീണ സദാനന്ദനെ തലശ്ശേരിയിലെ സ്വകാര്യ  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ ദർശൻ കൊവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദര്‍ശന്‍റെയും അച്ഛന്‍ സദാനന്ദന്‍റെയും  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!