കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.വിധി വരുന്നതിന് മുൻപേ തന്നെ ദിലീപിൻ്റെ ആലുവയിലെ പത്മസരോവരം വീടിന് മുന്നിലും സഹോദരൻ അനൂപിൻ്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് സംഘം നിലയുറപ്പിച്ചിരുന്നു. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടനെ തന്നെ ദിലീപിനെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
വിധി പറയാനിരിക്കെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്‍റെ ഓഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. തന്‍റെ 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്. ബാലചന്ദ്രകുമാറിന്‍റെ ആവശ്യങ്ങൾ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥരെ വധിക്കണമെന്ന് ദിലീപും സഹോദരൻ അനൂപും പറയുന്ന ഓഡിയോ ബാലചന്ദ്രകുമാർ പുറത്തു വിട്ടതിന് പിന്നാലെയാണ് ദിലീപ് ക്യാംപിൽ നിന്നും ഈ ഓഡിയോ ക്ലിപ്പ് പുറത്തു വന്നത്. ദിലീപിന്‍റേയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയി നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോ അധികൃതരുമായി അന്വേഷണസംഘം സംസാരിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു വരാനും അല്ലാത്ത പക്ഷം നോട്ടീസ് നൽകി തെളിവെടുപ്പിന് എത്തിക്കാനുമാണ് അന്വേഷണസംഘത്തിൻ്റെ ആലോചന.