ആലക്കോട്: വാഴകൃഷിയുടെ മറവിൽ വാറ്റുചാരായ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻ വാറ്റുചാരായശേഖരം പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.നടുവിൽ കാപ്പി മല റിവേഴ്സ് വളവിൽ താമസിക്കുന്ന വാറ്റുകാരൻ തേനം മാക്കൽ വർഗീസ് ജോസഫ് (60) ആണ് ഓടി രക്ഷപ്പെട്ടത്.ഇയാൾക്കെതിരെ അബ്കാരി കേസെടുത്തു. റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ചാരായം പിടികൂടിയത്. കാപ്പിമല, വൈതൽ അടിവാരമായ കുന്നിൻ ചെരുവായ മുട്ടത്തുവയലിൽ വാഴക്കൃഷിയുടെ മറവിൽ വൻ തോതിൽ ചാരായം ഉൽപാദിപ്പിച്ചു ടൗൺ ഭാഗങ്ങളിൽ കയറ്റിവിടുന്നെന്ന പരാതിയിൽ ഒറ്റത്തെ കാപ്പിമല, മുട്ടത്താം വയൽ എന്നീ സ്ഥലങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ മുട്ടത്താംവയലിൽ വെച്ചാണ് 20 ലിറ്റർ കൊള്ളുന്ന മൂന്ന് പ്ലാസ്റ്റിക് കന്നാസുകളിലായി സൂക്ഷിച്ച 60 ലിറ്റർ ചാരായം പിടികൂടിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സാജൻ.കെ. കെ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു സി.കെ , പെൻസ് പി , രാജീവ് പി.കെ , സുരേന്ദ്രൻ എം വനിതാ സിവിൽ ഓഫീസർ മുനീറ എം എന്നിവരും ഉണ്ടായിരുന്നു.