സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനം 17-ാം തീയതി നടക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ നല്കി മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റു ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനവും 17 ന് നടക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നൂറുദിന പരിപാടിയില്‍ 20,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, 20,808 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ഒന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായി 12,000 ലൈഫ് ഭവനങ്ങള്‍ നിര്‍മിച്ചു കൈമാറിയിരുന്നു. പദ്ധതിയില്‍ ഇതുവരെ 2,95,006 വീടുകള്‍ നിര്‍മിച്ചു നല്കി. 34,374 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ചയങ്ങളും നിര്‍മിക്കുന്നുണ്ട്. ഇതില്‍ നാലെണ്ണം അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരും മത്സ്യമേഖലകളിലുള്ളവരുമായ ഗുണഭോക്താക്കള്‍ക്കു വിവിധ കാരണങ്ങളാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടു വീട് നിര്‍മാണം ആരംഭിക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനു പ്രത്യേക പരിപാടി സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മേയറും മുതല്‍ വാര്‍ഡ് അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും എസ്.സി, എസ്.ടി. പ്രമോട്ടര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ഗുണഭോക്താക്കളുടെ അരികിലെത്തി പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരത്തിനു സത്വര ഇടപെടല്‍ നടത്തും. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കു വീടു നിര്‍മിക്കുന്നതിനുള്ള ഭൂമി കണ്ടെത്താന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്’ പരിപാടിയിലൂടെ 1712.56 സെന്റ് സ്ഥലം ഇതുവരെ ലഭിച്ചതായി മന്ത്രി അറിയിച്ചു. 1000 പേര്‍ക്കു ഭൂമി നല്‍കുന്നതിന് 25 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. ഭവനരഹിതര്‍ക്കുള്ള ഭൂമി കണ്ടെത്താന്‍ നടത്തുന്ന ക്യാമ്പയിന് ശക്തിപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.