കണ്ണൂർ : വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ ചേർന്ന് നടത്തുന്ന ഓണം വാരാഘോഷം ചൊവ്വാഴ്ച മുതൽ 12 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സാന്ത്വനം പൂതപ്പാറ, അഴീക്കോട് ചാൽ വൃദ്ധസദനം, കുത്തുപറമ്പ് ശാന്തിനികേതൻ എന്നിവിടങ്ങളിൽ ഓണസദ്യ നൽകും.
ആറിന് വൈകിട്ട് 4.30-ന് ഫ്ളാഷ് മോബ് നടക്കും. അഞ്ചിന് തൊക്കിലങ്ങാടി മഹിളാശിക്ഷൺ കേന്ദ്രം അവതരിപ്പിക്കുന്ന നാടൻപാട്ട്, 5.40-ന് കളരിപ്പയറ്റ് അഭ്യാസം, 6.45-ന് സംഗീതശില്പം, ഏഴിന് കണ്ണൂർ ഷെരിഫ്, ഫസീല ബാനു, റമീസ്, റിയാന തുടങ്ങിയവർ നയിക്കുന്ന സംഗീതസന്ധ്യ എന്നിവ അരങ്ങേറും.സിനിമാതാരം രമേശ് പിഷാരടിയും പരിപാടിയിൽ പങ്കെടുക്കും.
ഏഴിന് വൈകിട്ട് അഞ്ചിന് പേരാവൂർ മണത്തണ കുണ്ടയൻകാവ് ടീം അവതരിപ്പിക്കുന്ന തുടിതാളം, കുഴൽ ഊത്ത്, കൊക്കമാന്തിക്കളി, പണിയ ഗോത്രഭാഷയിലെ നാടൻപാട്ട്, 5.45-ന് സംഗീത സംവിധായകനും ഗായകനുമായ എ.എം.ദിലീപ് കുമാർ അവതരിപ്പിക്കുന്ന ഗാനമഞ്ജരി, 7.15-ന് അപർണ ശർമ അവതരിപ്പിക്കുന്ന ഭരതനാട്യം, 7.35-ന് എസ്.കെ.ഷിബിന്റെ നൃത്തനൃത്യം, 7.50-ന് കാശ്മീർ, ഹരിയാണ, മണിപ്പുർ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള കലാസംഘങ്ങൾ അവതരിപ്പിക്കുന്ന ഇന്ത്യൻ വസന്തോത്സവം, 9.15-ന് ദിൽനയും സംഘവും അവതരിപ്പിക്കുന്ന രാഗധ്വനി എന്നിവ അരങ്ങേറും.
എട്ടിന് വൈകിട്ട് അഞ്ചിന് ജ്വാല തീേയറ്റേഴ്സ് അവതരിപ്പിക്കുന്ന വില്ലടിച്ചാൻപാട്ട്, 5.45-ന് കെ.സപര്യരാജിന്റെ ഓട്ടൻതുള്ളൽ, 6.15-ന് ലിതേഷ് കോളയാടിന്റെ ജഗ്ളിങ് റ്റു ഫേസ് ഡാൻസ്, മാജിക്കൽ ഡാൻസ് ആൻഡ് കോമഡി സ്കിറ്റ്, 7.15ന് ‘നായിക’ ഡാൻസ് ഡ്രാമ, എട്ടിന് റൂഹ്‌രംഗ ബാന്റിന്റെ ഗസൽസന്ധ്യ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിലും വിവിധ കലാപരിപാടികൾ ഉണ്ടാകും.
ഉദ്ഘാടനച്ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷത വഹിക്കും.