കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏച്ചൂർ വട്ടപ്പൊയിൽ പന്നിയോട്ട് കരിയിൽ കുളത്തിൽ ഷാജി മകനെ നീന്തൽ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. മരിച്ച ഷാജി ഏച്ചൂർ സർവിസ് സഹകരണ ബാങ്ക് മാനേജരാണ്.വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്കു മാറ്റി.പ്ലസ് വൺ അഡ്മിഷന് ഗ്രേസ് മാർക്കിനായുളള നീന്തൽ പഠനത്തിനായാണ് കുളത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം.