കവരത്തി > ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. ശ്രീലങ്കയിലേക്കുള്ള മത്സ്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട് നേരത്തേ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഭാഗമായാണ് പരിശോധന. ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും ഫൈസലുമായി സാമ്പത്തിക ഇടപാടുള്ള കോഴിക്കോട്ടെ സ്ഥാപനത്തിലും സുഹൃത്തിന്റെ കൊച്ചിയിലെ വീട്ടിലും പരിശോധന നടന്നു. സംസ്ഥാന പൊലീസിനെ അറിയിക്കാതെ കേന്ദ്രസേനയെ ഒപ്പംകൂട്ടിയായിരുന്നു കേരളത്തിലെ പരിശോധന എന്നാണ് വിവരം.
സഹകരണ മാർക്കറ്റിങ് ഫെഡറേഷനും മുഹമ്മദ് ഫൈസലിനുമെതിരെ മത്സ്യക്കയറ്റുമതിയിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെത്തുടർന്ന് 2016ൽ സിബിഐ കേസെടുത്തിരുന്നു. അഴിമതിയുണ്ടെന്ന സിബിഐ കണ്ടെത്തലിന്റെ ചുവടുപിടിച്ചാണ് ഇഡി കേസെടുത്തത്. മുഹമ്മദ് ഫൈസലിനെ അടുത്തദിവസം ചോദ്യംചെയ്യാനാണ് ഇഡി നീക്കം