/
11 മിനിറ്റ് വായിച്ചു

ഗാര്‍ഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ബോർഡ്

വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ വർധിപ്പിക്കണമെന്ന ആവശ്യവുമായി വൈദ്യുതി ബോർഡ്. ഗാര്‍ഹിക ഉപഭോക്താക്കളുടെ സ്ഥിര നിരക്ക് വർധിപ്പിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ വെബ്‌സൈറ്റ് പുറത്തുവിട്ട കെഎസ്ഇബിയുടെ താരിഫ് പെറ്റീഷനിലാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. എന്നാൽ റഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍ പൊതുതെളിവെടുപ്പ് നടത്തി സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ടതിന് ശേഷമാകും നിരക്ക് പ്രഖ്യാപനം ഉണ്ടാകുക.റഗുലേറ്ററി കമ്മീഷന്റെ വെബ്‌സൈറ്റ് പുറത്തുവിട്ട വിശദാംശങ്ങളിൽ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 2026-27 സാമ്പത്തിക വര്‍ഷം വരെയുള്ള നിരക്ക് വര്‍ധനയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് 3.15 രൂപയിൽല് നിന്ന് 3.50 രൂപയാകും. 51 മുതല്‍ 100 യൂണിറ്റ് വരെ 3.70 രൂപയിൽ നിന്ന് 4.10 രൂപയാക്കണം. 101 മുതല്‍ 150 വരെ 4.80 രൂപയില്‍ നിന്ന് 5.50 രൂപയും, 151 മുതല്‍ 200 വരെ 6.40 രൂപയിൽ നിന്ന് 7 രൂപയും, 201 മുതല്‍ 250 വരെ 7.60 രൂപയിൽ നിന്ന് നിന്ന് എട്ടുരൂപയും നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഈ പറഞ്ഞ യൂണിറ്റുകളെക്കാള്‍ അധികം ഉപയോഗിക്കുന്നവര്‍ക്ക് മൊത്തം വൈദ്യുതിക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക. മാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 6.50 രൂപയാണ് നൽകേണ്ടിവരിക. 5.80 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.2023 ആകുമ്പോഴേക്കും ബിപിഎല്‍ വിഭാഗത്തിന് യൂണിറ്റിന് 20 പൈസ വരെ വര്‍ധിപ്പിക്കണമെന്നും ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ യൂണിറ്റിന് 10 പൈസയും 2025-26ല്‍ 10 മുതല്‍ 20 പൈസ വരെയും നിരക്ക് വര്‍ധിപ്പിക്കണം. 2026 -27 ആകുമ്പോള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു 10 പൈസ കൂട്ടണമെന്നും ത്രീഫെയ്‌സ് ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!