എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിലും ദുഃഖാചരണം.ഞായറാഴ്ചയാണ് (സെപ്റ്റംബർ 11) ഒരു ദിവസത്തെ ദുഃഖാചരണം നടത്തുക. അന്ന് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്ഞിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അനുശോചിച്ചിരുന്നു. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും ഒരിക്കലും മറക്കില്ല. ഒരു മീറ്റിംഗിനിടെ, മഹാത്മാഗാന്ധി അവരുടെ വിവാഹത്തിന് സമ്മാനിച്ച തൂവാല എന്നെ കാണിച്ചു. ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നു’- പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചത്. 96-ാം വയസിലായിരുന്നു അന്ത്യം.