സംസ്ഥാനം പൂര്‍ണ്ണമായും അളക്കുന്ന ‘എന്റെ ഭൂമി’ എന്ന പദ്ധതിയ്ക്ക് കേരളപ്പിറവി ദിനത്തില്‍ ആരംഭം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അതിവിപുലമായ ഈ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് റീസര്‍വെ നടപടികള്‍ 1966ല്‍ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികള്‍ കാരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ട് ‘എന്റെ ഭൂമി’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിക്കായി ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനീഷിയേറ്റീവില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിലേയ്ക്ക് വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സര്‍വെയര്‍മാരും 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.