തലശ്ശേരി: കാത്തിരിപ്പിന് വിരാമമിട്ട് എരഞ്ഞോളിപ്പാലം യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നു. ഇതുവഴിയുള്ള യാത്രക്കാർക്ക് ഇനി ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാം. ജനുവരി 30-ന് 3.30-ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കുമെന്ന് അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ. അറിയിച്ചു.പാലം തുറക്കുന്നതോടെ കൂത്തുപറമ്പിൽനിന്ന് തലശ്ശേരിയിലേക്കുള യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താം. തലശ്ശേരി-കൂത്തുപറമ്പ് റൂട്ടിലെ പ്രധാന പാലത്തിന്റെ നിർമാണം വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. 94 മീറ്റർ നീളമുള്ള പാലത്തിന് അടിയിലായി രണ്ട് അടിപ്പാതകളുണ്ട്. കോപ്പാലം, കൊളശ്ശേരി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് വേണ്ടിയുള്ളതാണ് അടിപ്പാത.
പാലത്തിന്റെ അനുബന്ധറോഡിൽ നടപ്പാത, തെരുവുവിളക്ക്, റോഡ് അടയാളപ്പെടുത്തൽ എന്നിവ ഇനിചെയ്യണം. സർവീസ് റോഡിന്റെ പ്രവൃത്തിയും പൂർത്തിയായില്ല. പാലം ജനുവരി 15-ന് തുറന്നുകൊടുക്കുമെന്ന് ജില്ലാ വികസനസമിതിയോഗത്തിൽ കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചിരുന്നു. എന്നാൽ, പറഞ്ഞതുപോലെ കാര്യം നടന്നില്ല. എരഞ്ഞോളിയിൽ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ നാലുമാസമായി ഇതുവഴി ഗതാഗതനിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. തലശ്ശേരിയിൽനിന്ന് കൂത്തുപറമ്പിലേക്കുള്ള വാഹനങ്ങൾ കുയ്യാലി റെയിൽവേ ഗേറ്റ് കടന്ന് കൊളശ്ശേരി വഴിയാണ് പോകുന്നത്. കൊളശ്ശേരി വഴി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ഇവിടെ തലശ്ശേരി-മാഹി ബൈപ്പാസിന്റെ നിർമാണപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചാൽ മാത്രമേ നിർമാണം തുടങ്ങാൻ കഴിയൂ.എരഞ്ഞോളിയിൽ പാലത്തിനു സമീപവും കുയ്യാലി റെയിൽവേ ഗേറ്റിലും ഇപ്പോൾ ഗതാഗതതടസ്സം ഒഴിയുന്നില്ല. പാലം തുറന്നാൽ ഇതിന് പരിഹാരമാകും.പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രണ്ടുമാസം മുൻപ് പാലം സന്ദർശിച്ചിരുന്നു. ഉടൻ നിർമാണം പൂർത്തിയാകുമെന്നാണ് അന്ന് പറഞ്ഞത്. നേരത്തേ സർക്കാരിന്റെ നൂറുദിനപദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും നിർമാണം പൂർത്തിയാക്കാനായില്ല. ഇപ്പോൾ നിലവിലുള്ള പാലത്തിനു സമീപമെത്തിയാൽ പാലം കടക്കാൻ വാഹനങ്ങൾ മത്സരിക്കുകയാണ്.