കണ്ണൂർ | കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12ന് വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.
ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് കേസിലെ എതിർ കക്ഷികളോട് ജൂലൈ 7നകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു. കുട്ടികൾ അപകടകാരികളായ നായകൾക്ക് ഇരയാകുന്ന സംഭവങ്ങൾ വർധിച്ചു വരുന്നുവെന്നും 2022ൽ മാത്രം ജില്ലാ പഞ്ചായത്ത് പരിധിയിൽ 11,776 പേർക്ക് കടിയേറ്റുവെന്നും ഹർജിയിൽ വ്യക്തമാക്കി. ഈ വർഷം ജൂൺ പത്തൊമ്പത് വരെ മാത്രം കടിയേറ്റത് 6267 പേർക്കാണ്.