കണ്ണൂർ: ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക സംഘം, ചെണ്ടമേളത്തിലൂടെ നാടിന്റെ തനത് കലാവിഷ്ക്കാരവുമായി ലോകശ്രദ്ധ നേടി ഏഴിലോടിന്റെ ശിങ്കാരി മേളം. ബ്രസീൽ വെർച്വൽ ഫോക്‌ലോർ ഫെസ്റ്റിവലിൽ ഏഴിലോട് ലയൺ സ്റ്റാർ വാദ്യകേളി വാദ്യസംഘമാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്.
ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആന്റ് സോഷ്യൽ കൗൺസിൽ മുമ്പാകെ പ്രത്യേക കൺസൾട്ടിംഗ് പദവിയുള്ള ബ്രസീലിയൻ അസോസിയേഷൻ ഓഫ് ഫോക്‌ലോർ ആന്റ് പോപ്പുലർ ആർട്സ് ഫെസ്റ്റിവൽ ഓർഗനൈസേർസ് എന്ന എൻജിഒക്ക് കീഴിലായിരുന്നു അവതരണം.
ഈ മാസം 19 മുതൽ 21 വരെയാണ് വെർച്വൽ ഫെസ്റ്റിവൽ നടന്നത്.ലോകമെമ്പാടുമുള്ള 18 ഫോക്ക് ഗ്രൂപ്പുകളെ പങ്കെടുപ്പിച്ചായിരുന്നു ഫെസ്റ്റിവൽ.ഏഴിലോട് ലയൺ സ്റ്റാറിന്റെ വാദ്യകേളി വാദ്യസംഘം മാത്രമായിരുന്നു ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത ഏക സംഘം. പയ്യന്നുർ ഫോക്‌ലാന്റിന് കീഴിൽ പ്രേമരാജനാണ് പരിശീലനം നൽകിയത് .
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് ബ്രസീലിയൻ അസോസിയേഷൻ ഓഫ് ഫോക്‌ലോർ ആന്റ് പോപ്പുലർ ആർട്സ് ഫെസ്റ്റിവൽ ഓർഗനൈസേർസ്. സംസ്കാരങ്ങളുടെ വീണ്ടെടുപ്പും സംരക്ഷണവും ലക്ഷ്യമാക്കിയാണ് പദ്ധതികൾ വികസിപ്പിക്കുന്നത്.