ഭക്ഷണമില്ലാത്തതിനാല്‍ ആദിവാസി കുടുംബം വഴിയരികില്‍ ഇരുന്ന് ചക്ക കഴിച്ചുയെന്നത് വസ്തുതാവിരുദ്ധമായ വാര്‍ത്തയാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.ആദിവാസി സമൂഹം പട്ടിണി അനുഭവിക്കാതിരിക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ശരിയായ അന്വേഷണം നടത്താതെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണെന്ന് മന്ത്രി വിമര്‍ശിച്ചു. പ്രദേശത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങള്‍ കൃത്യമായി എത്തിച്ചേരുന്നുണ്ട്. പ്രസ്തുത കുടുംബത്തില്‍ 60 കിലോ ധാന്യങ്ങള്‍ കരുതല്‍ ഉണ്ടായിരുന്നെന്നും മന്ത്രി രാധാകൃഷ്ണന്‍ അറിയിച്ചു.
കെ രാധാകൃഷ്ണന്‍ പറഞ്ഞത്:
ഭക്ഷണമൊന്നും ലഭിക്കാത്തതിനാല്‍ ചക്ക പങ്കിട്ടു കഴിക്കുന്നു എന്ന രീതിയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും ആറ് പട്ടികവര്‍ഗ്ഗക്കാരുടെ ചിത്രം വാര്‍ത്തയായി വന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കുവാന്‍ ഉടന്‍ തന്നെ നിര്‍ദ്ദേശവും നല്‍കി. പത്തനംതിട്ട ജില്ല ട്രൈബല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തുകയുണ്ടായി. ജില്ലയില്‍ ളാഹയ്ക്കടുത്തുള്ള വനമേഖലകളില്‍ താമസിക്കുന്നവരാണ് ഈ ആറ് പേരും. ഇവിടെ 261 പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് ഉള്ളത്.
ഇതില്‍ 107 കുടുംബക്കാര്‍ വനവിഭവ ശേഖരണാര്‍ത്ഥം അടിക്കടി വാസസ്ഥലങ്ങള്‍ മാറുന്ന ശീലം ഇപ്പോഴും ഉള്ളവരാണ്. ഉദ്യോഗസ്ഥ സംഘം വാര്‍ത്തയില്‍ ഉണ്ടായിരുന്ന വ്യക്തികളുടെ വീടും സന്ദര്‍ശിച്ചു അവരുടെ അവസ്ഥ വിലയിരുത്തി. ഈ സ്ഥലത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങള്‍ കൃത്യമായി എത്തിച്ചേരുന്നുണ്ട്. പ്രസ്തുത കുടുംബത്തില്‍ 60 കിലോ ധാന്യങ്ങള്‍ കരുതല്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്തെ ഊരുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് ഓരോ വീട്ടിലും എല്ലാ മാസവും 35 കി.ഗ്രാം ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പ്പടിയായി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ 15 കി.ഗ്രാം ജയ അരി, ഒരു കി.ഗ്രാം വെളിച്ചെണ്ണ എന്നിവ അടക്കം 12 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് പട്ടികവര്‍ഗ്ഗ വികസന വകുപ്പും നല്‍കുന്നുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവയുടെ വിതരണം കൃത്യസമയത്ത് തന്നെ നടത്തുകയും ചെയ്തിട്ടുണ്ട്. ഭക്ഷണമില്ലാത്തതിനാലാണ് അവര്‍ വഴിയരികില്‍ ഇരുന്ന് ചക്ക കഴിച്ചത് എന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണ്.
കേരളത്തിലെ ഒരു പ്രദേശത്തും ആദിവാസി ജനസമൂഹം പട്ടിണി അനുഭവിക്കാതിരിക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തയെ തുടര്‍ന്ന് ബഹു.മന്ത്രിമാരായ ശ്രീമതി. വീണ ജോര്‍ജ് , ശ്രീ.ജി.ആര്‍ അനില്‍ , റാന്നി എം.എല്‍.എ ശ്രീ. പ്രമോദ് നാരായണന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നിവരുമായി സംസാരിച്ചു. പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഈ ജനവിഭാഗത്തിന് പിന്തുണ നല്‍കേണ്ടത് പൊതു സമൂഹമാണെന്നിരിക്കെ, ശരിയായ അന്വേഷണം നടത്താതെ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണ്.