കണ്ണൂര്‍: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. പി ജയരാജന്‍റെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വാട്സ്ആപ്പ് പ്രൊഫൈലിൽ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ശ്രമം ഉണ്ടായത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം നടന്നത്. വ്യാജ വാട്സ്ആപ്പ് പ്രൊഫൈലില്‍ നിന്ന് പലരോടും പണം ആവശ്യപ്പെട്ടു. സംഭവത്തില്‍ പി ജയരാജൻ അഡീ. കമ്മീഷണർ പി പി സദാനന്ദന് പരാതി നൽകി. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ ഓണ്‍ലൈൻ തട്ടിപ്പ് വ്യാപകമാവുമ്പോഴും പൊലീസിന് അനക്കമില്ലെന്ന ആക്ഷേപം വ്യാപകമാവുകയാണ്. ചീഫ് സെക്രട്ടറിയുടെ ചിത്രം വച്ച് നടത്തിയ തട്ടിപ്പിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് 30,000 രൂപയാണ് നഷ്ടമായത്. പിണറായി വിജയന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം നടന്നിരുന്നു. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിൽ നിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്.
മുഖ്യമന്ത്രിയുടെ ചിത്രവും പേരുമുള്ള വാട്സ് ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന് സന്ദേശം വന്നത്. മുഖ്യമന്ത്രിയാണെന്നും അത്യാവശ്യമായി പണം വേണമെന്നും ഗിഫ്റ്റ് കാർഡ് വഴി അൻപതിനായിരം രൂപ നൽകാനുമായിരുന്നു സന്ദേശം. തട്ടിപ്പുകാരനാണെന്ന് മനസ്സിലായ ജയനാഥ് അൽപസമയം ചാറ്റ് തുടർന്നു. പണം നൽകാതെ വന്നതോടെ തട്ടിപ്പുകാരൻ പിൻവാങ്ങി. കഴിഞ്ഞ മാസവും ജയനാഥിൽ നിന്ന് പണം തട്ടാൻ സമാനമായ രീതിയിൽ ശ്രമം നടന്നിരുന്നു. അന്ന് ഡിജിപി അനിൽകാന്തിന്‍റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.