/
11 മിനിറ്റ് വായിച്ചു

റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികയ്‌ക്ക് പരിക്ക്

തളിപ്പറമ്പ് ∙ റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോവുകയായിരുന്ന നഴ്സിന് സാരമായ പരിക്ക് .വിവരമറിഞ്ഞ് അടുത്ത ദിവസം തന്നെ അധികൃതരെത്തി കുഴി താൽക്കാലികമായി അടച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ നഴ്സ് പടപ്പേങ്ങാട് എ.എസ്.സോണിയ(34)യ്ക്കാണ് തളിപ്പറമ്പ് ആലക്കോട് കൂർഗ് ഹൈവേയിലെ പുഷ്പഗിരിക്കു സമീപത്തുള്ള കുഴിയിൽ വീണു സാരമായി പരുക്കേറ്റത്. ശനിയാഴ്ച രാത്രി 7 മണിയോടെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കായി സ്വന്തം സ്കൂട്ടറിൽ വരുമ്പോൾ നെല്ലിപ്പറമ്പ് റോഡ് ജംക്‌ഷനിലുള്ള കുഴിയിൽ സ്കൂട്ടർ വീഴുകയായിരുന്നു.

സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ സോണിയ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുഴിയിൽ വെള്ളം നിറഞ്ഞ് കിടന്നതിനാലും രാത്രി ആയതിനാലും അപകടാവസ്ഥ മനസ്സിലായിരുന്നില്ലെന്ന് സോണിയ പറ‍ഞ്ഞു. സാരമായി പരുക്കേറ്റ സോണിയയെ ഇവിടെയുണ്ടായിരുന്ന നാട്ടുകാരാണ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്. തലയിലും ശരീരത്തിലും കാലിനും പരുക്കേറ്റ സോണിയ 3 ദിവസമായി ആശുപത്രിയിൽ തന്നെയാണ്.

തലക്കേറ്റ പരുക്കുകൾ കാരണം കണ്ണുകൾ തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലുമാണ്. ശനിയാഴ്ച തന്നെ വേറെ 3 ഇരുചക്ര വാഹനങ്ങളും ഈ കുഴിയിൽ വീണു യാത്രക്കാർക്കു പരുക്കേറ്റിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇവിടെ മുൻപും കുഴി ഉണ്ടായിരുന്നത് നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതരെത്തി അടച്ച ശേഷമാണ് വീണ്ടും കുഴി രൂപപ്പെട്ടത്.

ഇതിന് ശേഷം ഞായറാഴ്ച തന്നെ വീണ്ടും മരാമത്ത് അധികൃതർ എത്തി കുഴി വീണ്ടും താൽക്കാലികമായി അടച്ചിട്ടുണ്ട്. വീണ്ടും കുഴി രൂപപ്പെട്ടപ്പോൾ തന്നെ അധികൃതരെ വിവരമറിയിച്ചിരുന്നുവെന്നു സമീപത്തുള്ള നാട്ടുകാർ പറഞ്ഞു. എന്നാൽ യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതു വരെ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. ഇതേ സമയം കുഴി പൂർണമായി നികത്താത്തത് വീണ്ടും അപകട സാധ്യതയുയർത്തുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!